ജെസ്‌ന തിരോധാനം:അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറി.



എരുമേലി: എരുമേലി മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജ് ബിരുദ വിദ്യാർത്ഥിനിയുമായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച കേസ് ഹൈക്കോടതി സിബിഐ ക്കു കൈമാറി. ഇതുവരെയുള്ള കേസിന്റെ പുരോഗതിയും അന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. 2018 മാർച്ച് 22 നാണു കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌നയെ കാണാതായിട്ട് ഇപ്പോൾ 2 വർഷവും 11 മാസവും പിന്നിട്ടു കഴിഞ്ഞു. ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.

എന്നാൽ സാങ്കേതിക പിഴവുകളുള്ള ഹർജി തള്ളേണ്ടതായി വരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജ്ജിക്കാർ ഹേബിയസ് കോർപ്പസ് പിൻവലിക്കുകയായിരുന്നു.  മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില് ജയിംസിന്റെ മകള്‍ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടാണ് പോലിസ് അന്വഷണം ആരംഭിച്ചത് തന്നെ. ജെസ്ന കാഞ്ഞിരപ്പള്ളി സെന്റ്‌.ഡോമിനിക്സ് കോളേജ് വിദ്യാര്‍ഥിനിയാണ്. എന്നാല്‍ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു കൃത്യമായ തെളിവുകളും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണ സംഘം കേരളത്തിന്‌ വെളിയിലും അന്വേഷണം നടത്തിയെങ്കിലും തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. ജെസ്‌നയെ എത്രയും വേഗം കണ്ടുപിടിക്കുമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞിരുന്നത്.

ഐ.ജി.മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത് വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ് ജെസ്‌നയെ ചിത്രീകരിക്കുന്നതെന്നും സുഹൃത്തുക്കൾ അന്ന് പോലീസിനോട് പറഞ്ഞിരുന്നു.

ജെസ്‌നയുടെ തിരോധാനത്തിന് 8 മാസങ്ങൾക്കു മുൻപായിരുന്നു അമ്മയുടെ മരണം. ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സി.ബി.ഐ ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെയും,വിവിധ സംഘടനകളുടെയും, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ സമര പരിപാടികൾ നടത്തിയിരുന്നു. കേരളത്തിന് വെളിയിൽ ജെസ്‌നയെ കണ്ടതായി പലരും പറഞ്ഞ അറിവനുസരിച്ചു വിവിധ സ്ഥലങ്ങളിൽ കേരളാ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല.

രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിലെ പുരോഗതി അതാത് സമയം അറിയിക്കണെമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.