അർബുദ രോഗബാധിതയായ വീട്ടമ്മയുടെ വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.


എരുമേലി: അർബുദ രോഗബാധിതയായ വീട്ടമ്മയുടെ വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. എരുമേലി ആറാട്ടുകയം സ്വദേശിനിയായ വീട്ടമ്മയുടെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്. വീടിനു നേരെ കല്ലെറിയുകയും ശേഖരിച്ചു വസിച്ചിരുന്ന കുടിവെള്ളത്തിൽ ചാണകം കലക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച് എരുമേലി പോലീസിൽ പരാതി നൽകിയതായും വീട്ടമ്മയുടെ കുടുംബം പറഞ്ഞു. ശനിയാഴ്ച്ച രാത്രിയായിരുന്നു സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. തലച്ചോറിൽ അർബുദം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ വീട്ടമ്മയുടെ വീടിനു നേരെയാണ് ശനിയാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ സാമൂഹ്യവിരുദ്ധർ കല്ലെറിയുന്നത്.

വീട്ടിൽ ഇവരുടെ ഭർത്താവും  ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകനുമാണ് സംഭവം നടന്നപ്പോൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഈ കുടുബം ഇപ്പോൾ ജീവിച്ചുപോരുന്നത്. കിണറ്റിൽ വെള്ളം വറ്റിയതിനെ തുടർന്ന് ടാങ്കിൽ ശേഖരിച്ചു വച്ച കുടിവെള്ളത്തിലാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവർത്തി ചെയ്തിട്ടുള്ളത്.