ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ പോലീസ് എത്തുന്നത് കണ്ടു ചിതറിയോടിയ യുവാക്കളിൽ ഒരാൾക്ക് കുളത്തിൽ വീണു ദാരുണാന്ത്യം. തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നീര്ജും സുഹൃത്തുക്കളും ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തു നിൽക്കുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ യുവാക്കളുടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പോലീസിനെ കണ്ടു യുവാക്കൾ പലവഴി ചിതറിയോടുകയായിരുന്നു. നീര്ജും സുഹൃത്തും സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ കെട്ടിടത്തിൽ വെളിച്ചവും ഇല്ലായിരുന്നു. വെള്ളം ശേഖരിക്കുന്നതിയായി നിർമ്മിച്ചിരുന്ന 20 അടിയിലധികം താഴ്ച്ചയുള്ള കുളത്തിൽ നീരജ് വീഴുകയായിരുന്നു. പോലീസ് പോയതറിഞ്ഞു തിരികെയെത്തിയ സുഹൃത്തുക്കൾ നീരജിനെ കാണാതായതോടെ അന്വേഷണം നടത്തുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് നീരജിനെ പുറത്തെടുത്തത്.