യുവാവുമായി വാക്കുതർക്കം:ഏറ്റുമാനൂരിൽ വീടുകൾക്ക് നേരെ ആക്രമണം.


ഏറ്റുമാനൂർ: യുവാവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വീടുകൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു അക്രമി സംഘം. കൊട്ടാരമുകളേൽ ബൈജുവിന്റെ മകൻ ബിബിനെ ( 19 ) വൈകുന്നേരം യുവാക്കളുടെ സംഘം റോഡിൽ വച്ച് അസഭ്യം പറഞ്ഞിരുന്നു.

ഞാറാഴ്ച്ച രാത്രി പത്തുമണിയോടെയായിരുന്നു പത്തിലധികം ആളുകളുമായി എത്തിയ സംഘം ഇവരുടെയും സമീപത്തു താമസിക്കുന്ന ഇവരുടെ ബന്ധുക്കളുടെയും വീടുകൾ അടിച്ചു തകർത്തത്. മാരകായുധങ്ങളുമായി എത്തിയ യുവാക്കളുടെ സംഘം വീട് തള്ളി തകർക്കുകയും സ്ത്രീകളെയും കുട്ടികളെയുമടക്കം ആക്രമിക്കുകയും ചെയ്തു. തച്ചിലേട്ട് കൊട്ടാരമുകളേൽ ബൈജു, കൊട്ടാരമുകളേൽ മനോജ് , പൊന്നാപറമ്പിൽ ഷാജി എന്നിവരുടെ വീടുകളാണ് ആക്രമണത്തിൽ തകർന്നത്.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ബിബിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറിലധികം മേഖലയിൽ യുവാക്കളുടെ സംഘം പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച്ച ഉണ്ടായ തർക്കത്തെ തുടർന്ന് ബിബിൻ പോലീസിൽ പരാതി നൽകിയിരുന്നു.