ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടന്ന യുവതിയെയും കുട്ടിയേയും കാർ ഇടിച്ചു തെറിപ്പിച്ചു,യുവതിക്ക് ദാരുണാന്ത്യം.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടന്ന യുവതിയെയും കുട്ടിയേയും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലി (46) ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാത്രി ഏഴരയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിക്കവലയിലായിരുന്നു അപകടം. പേരൂർ ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാർ സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സാലിയെയും ഇവരുടെ വളർത്തുമകൾ ജൂവൽ(6)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാലിയെയും കുട്ടിയേയും ഓടിക്കൂടിയ നാട്ടുകാരാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ സാലിയുടെ തലയിലൂടെ കാർ കയറിയിറങ്ങിയതായാണ് വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാലിയുടെ മരണം സംഭവിച്ചത്. വളർത്തുമകൾ ജൂവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സാലിയുടെ കയ്യിൽ നിന്നുംകുട്ടി റോഡരികിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് ഇവരുടെ കുടുംബം ഈ കുട്ടിയെ ദത്തെടുത്തത്. ഡൽഹിയിൽ നിന്നും എത്തിയ ഇവർ നാട്ടിലെ ബന്ധുക്കളുടെ അടുത്ത് പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

രാത്രിയായതിനാൽ ഏതു വാഹനമാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അമിത വേഗതയിലെത്തിയ കാർ റോഡ് മുറിച്ചു നടക്കുന്ന കാൽനട യാത്രക്കാരെ കണ്ടിട്ടും വേഗത കുറച്ചിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.