കോട്ടയം: പുഴകളും നീർച്ചാലുകളും മറ്റ് ജല സ്രോതസുകളും വീണ്ടെടുക്കുന്നതിന് ഹരിത കേരളം മിഷൻ ഇനി ഞാന്‍ ഒഴുകട്ടെ എന്ന പേരില്‍ നടത്തുന്ന കാമ്പയിനിന്‍റെ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ ഇന്ന് തുടക്കമാകും.
ഫെബ്രുവരി 28 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാണക്കാരി റെയിൽവേ ലൈൻ തെന്നാട്ടുപടി തോടിനു സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി നിർവ്വഹിക്കും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു മനോജ് അധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോൺ പുതിയിടത്തുചാലില്‍ മുഖ്യ പ്രഭാഷണം നടത്തും. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോണ്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ആര്‍. സുശീല, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓർഡിനേറ്റര്‍ പി.രമേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എൻജിനീയർ ജോസ് മോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും .
പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കാണക്കാരി അരവിന്ദാക്ഷൻ സ്വാഗതവും സെക്രട്ടറി ബെന്നി ജേക്കബ് നന്ദിയും പറയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജലസേചന വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് , വിവിധ സർക്കാര്‍ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്. നേരത്തെ നടന്ന രണ്ടു ഘട്ടങ്ങളില്‍ കാമ്പയിനിൻ്റെ ഭാഗമായി കോട്ടയം ജില്ലയില്‍ 353 കിലോമീറ്ററോളം നീർച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു.