പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു.


പാലാ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. മികച്ച സംഗീത സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഐസക് തോമസ് കൊട്ടുകാപ്പള്ളി.

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടയം പാലാ സ്വദേശിയയായ ഐസക് തോമസിന് സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം 2010 ൽ ലഭിച്ചിട്ടുണ്ട്. നിരവധി തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. മലയാളത്തിനൊപ്പം തമിഴ്,ഹിന്ദി,കന്നഡ ഭാഷകളിലെ സിനിമകൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

ഗിരീഷ് കാസറവള്ളിയുടെ തായി സാഹെബ എന്ന കന്നഡ ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. കുട്ടിസ്രാങ്ക്,മാർഗം, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ,പുണ്യം അഹം, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍,ആദാമിന്റെ മകൻ അബു, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് ഇദ്ദേഹം സംഗീതമൊരുക്കി. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാന പഠനം പൂർത്തീകരിച്ച ഇദ്ദേഹം അരവിന്ദന്റെ സംവിധാന സഹായിയായാണ് മേഖലയിൽ എത്തുന്നത്.

ജി അരവിന്ദനൊപ്പം തമ്പ്,കുമ്മാട്ടി,എസ്തപ്പാൻ എന്നീ ചിത്രങ്ങളിൽ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു ഐസക് തോമസ് കൊട്ടുകാപ്പള്ളി. 2002,2003,2004 വർഷങ്ങളിൽ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളി.