കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനിയും എരുമേലി മുക്കൂട്ടുതറ സ്വദേശിനിയുമായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷെർസിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു.
കോട്ടയം എരുമേലി സ്വദേശിയായ ആർ.രഘുനാഥൻ നായരെ പൊലീസ് പിടികൂടി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിൽ ആണ് ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്ലക്കാട് ഉയർത്തി രഘുനാഥൻ നായർ ജസ്റ്റിസ് വി.ഷെർസിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചത്. 2018 മാർച്ച് 22 നാണു കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.
കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌നയെ കാണാതായിട്ട് ഇപ്പോൾ 2 വർഷവും 11 മാസവും പിന്നിട്ടു കഴിഞ്ഞു. ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. എന്നാൽ സാങ്കേതിക പിഴവുകളുള്ള ഹർജി തള്ളേണ്ടതായി വരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജ്ജിക്കാർ ഹേബിയസ് കോർപ്പസ് പിൻവലിക്കുകയായിരുന്നു.