കെ എം മാണിയുടെ പ്രതിമ പാലായിൽ അനാച്ഛാദനം ചെയ്തു.



പാലാ: ആറ് പതിറ്റാണ്ടുകളിലധികം പാലായുടെ ജനപ്രതിനിധിയായിരുന്ന കെ എം മാണിയുടെ പൂർണ്ണകായ പ്രതിമ പാലാ കൊട്ടാരമറ്റത്ത് ഇന്ന് നിയമസഭാ സ്പീക്കർ പി രാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു.

കേരളാ യൂത്ത് ഫ്രെണ്ടിന്റെയും കെ എം മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എട്ടരയടിയോളം ഉയരമുള്ള പൂർണ്ണകായ പ്രതിമയാണ് കൊട്ടാരമറ്റത്ത് സ്വകാര്യ ബസ്സ് സ്റ്റാന്റിനോട് ചേർന്ന് അനാച്ഛാദനം ചെയ്തത്. ഇന്ന് വൈകിട്ട് പാലായിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ സഹായ മെത്രാൻ മാർ.ജേക്കബ്ബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരളാ ൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തി.

മാണി സാറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങ് വളരെ വൈകാരികമായ ഒരു മുഹൂർത്തമായിരുന്നു എന്നും ജീവിതകാലം മുഴുവന് മാണി സാർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളാണ് പ്രതിമയ്ക്കൊപ്പം തലഉയർത്തി നിൽക്കുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു. പ്രതിമയുടെ ശിൽപ്പികളായ ഇടുക്കി സ്വദേശികളായ ഷിജോ ജോണിനെയും ലൈജു ജെയിംസിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ജോസ് കെ മാണി പറഞ്ഞു.