കർഷകർക്ക്‌ ഐക്യദാർഢ്യവുമായി 6700 കിലോമീറ്റർ സ്‌കൂട്ടറിൽ യാത്ര ചെയ്തു 66 കാരനായ കോട്ടയം സ്വദേശി.


കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിൽ കർഷകർക്ക്‌ ഐക്യദാർഢ്യവുമായി 6700 കിലോമീറ്റർ സ്‌കൂട്ടറിൽ യാത്ര ചെയ്തു 66 കാരനായ കോട്ടയം സ്വദേശി. കോട്ടയം പാലാ കുടുക്കച്ചിറ സ്വദേശിയായ കാരിശ്ശേരിൽ കെ ആർ രഘു(66) ആണ് തന്റെ സ്‌കൂട്ടറിൽ കർഷക സമരം നടക്കുന്ന ഡൽഹിയിലേക്ക് യാത്ര ചെയ്തു ഐക്യദാർഢ്യം അർപ്പിച്ചു തിരികെ എത്തിയത്.

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് രഘു തന്റെ 10 വർഷം പഴക്കമുള്ള സന്തത സഹചാരിയായ സ്‌കൂട്ടറിൽ യാത്ര ആരംഭിച്ചത്. രഘുവിന്റെ യാത്ര ഫെബ്രുവരി 7 നു ഡൽഹിയിൽ എത്തിച്ചേർന്നു. കർഷകർക്കൊപ്പം സമരത്തിൽ പങ്കെടുത്ത ശേഷമാണ് രഘു മടങ്ങിയത്. രണ്ടു വർഷങ്ങൾക്ക് മുൻപ് രഘു കേരളം മുഴുവനും സ്‌കൂട്ടർ യാത്ര നടത്തിയിരുന്നു. കുടക്കച്ചിറ സർവീസ്‌ സഹകരണ ബാങ്കിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഇദ്ദേഹം കവിയുമാണ്. ഇദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങൾക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

പിടിയരി പോലെ ഒരു കവിത, വേരിനു രണ്ടറ്റമുണ്ട് എന്നിവ ഇദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്. കർഷക സമരപ്പന്തലിൽ കാലുകുത്തിയ ആദ്യ മലയാള കവിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിച്ച തന്റെ സമ്പാദ്യത്തിൽ നിന്നും 10000 രൂപ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാക്കിയുള്ള തുക കൊണ്ടാണ് കർഷക സമര വേദിയിലേക്ക് ഐക്യദാർഢ്യവുമായി യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര യാത്ര നടത്തി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയത്.