എരുമേലി: എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെ നന്ദികേശൻ വിട വാങ്ങി. പന്ത്രണ്ടു വർഷം മുൻപ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ കാളക്കിടാവിനു നന്ദികേശൻ എന്ന് നാട്ടുകാർ പേര് നൽകുകയായിരുന്നു.
പരമ്പാരാഗത കാനന പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ നന്ദികേശനെ കാണാനെത്തുമായിരുന്നു. അയ്യപ്പ ഭഗവാന്റെ വരവുകാത്ത് പരമശിവൻ കാളപ്പുറത്ത് എത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാളകെട്ടി ശിവപാർവ്വതി ക്ഷേത്രം.നന്ദികേശന്റെ സംരക്ഷണം തദ്ദേശവാസിയായ വള്ളിപ്പാറ സുലോചനയുടെ നേതൃത്വത്തിലായിരുന്നു. വീടിനോടു ചേർന്ന് നിർമ്മിച്ച തൊഴുത്തിലായിരുന്നു നന്ദികേശനെ പരിപാലിച്ചിരുന്നത്. 12 വർഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂർ സ്വദേശിയായ പ്രസാദാണ് സന്താനലബ്ധിയ്ക്ക് വേണ്ടി കാളക്കിടാവിനെ ക്ഷേത്രത്തിന്റെ നടക്കിരുത്തിയത്.
മനുഷ്യരുടേതെന്ന പോലെ മരണാനന്തര ചടങ്ങുകൾ ഏറ്റുവാങ്ങിയാണ് നന്ദികേശൻ വിട വാങ്ങിയത്. ദഹനസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു നന്ദികേശന്റെ അന്ത്യം. തൊഴുത്തിന്റെ മേൽക്കൂര പൊളിച്ച ശേഷമാണ് കർമ്മത്തിനുള്ള സ്ഥലം തയ്യാറാക്കിയത്. മാവിൻവിറക്, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചാണ് ദഹിപ്പിച്ചത്. മരണത്തിന്റെ ആറാം ദിവസം പാളയിൽ ചാരമെടുത്ത് കുടത്തിൽ സൂക്ഷിക്കും. പതിനാറാം ദിവസം ചിതാഭസ്മം അഴുതയാറ്റിൽ നിമഞ്ജനം ചെയ്യും. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രസാദും എത്തിയിരുന്നു.