പാലാ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറാനൊരുങ്ങുകയാണ് പാലാ. നിലവിൽ ലഭ്യമായിരുന്ന വിവരങ്ങൾ പ്രകാരം പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും നേർക്കുനേർ മത്സരിക്കാനുള്ള സാധ്യതയാണുള്ളത്.
ആറ് പതിറ്റാണ്ടുകളായി പാലായുടെ എംഎൽഎ ആയിരുന്ന കെ എം മാണി, അദ്ദേഹത്തിൻറെ മകനും കേരളാ കോൺഗ്രസ്സ് എം ചെയർമാനും മുൻ എം പിയുമായ ജോസ് കെ മാണിയും കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലാ പിടിച്ചടക്കിയ മാണി സി കാപ്പനും തമ്മിൽ നേർക്കുനേർ മത്സരിക്കുമ്പോൾ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ പോർക്കളം പാലായിൽ ഒരുങ്ങുകയാണ്. യുഡിഎഫ് വിട്ടു എൽഡിഎഫ് മുന്നണിയിലെത്തിയ ജോസ് കെ മാണി തന്റെ മുന്നണി പ്രവേശനം അടിവരയിട്ടുറപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയവും ഒപ്പം പാലായും ശ്രദ്ധാ കേന്ദ്രങ്ങളായിരുന്നു. ജോസ് കെ മാണി മുന്നണിയിൽ എത്തിയതോടെ വർഷങ്ങളായി മത്സരിച്ചു ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത പാലാ സീറ്റ് നഷ്ടമാകുമെന്ന് മനസ്സിലായതോടെ എൽഡിഎഫ് വിട്ടു മാണി സി കാപ്പൻ യുഡിഎഫ് മുന്നണിയുടെ ഭാഗമായി. മുന്നണിയിൽ എത്തിയ ഇരുവർക്കും മുന്നണികളുടെ വാഗ്ദാനം പാലാ സീറ്റ് തന്നെയായിരുന്നു. പാലാ സീറ്റ് എൽഡിഎഫ് ജോസ് കെ മാണിക്കും യുഡിഎഫ് മാണി സി കാപ്പനും ഉറപ്പിച്ചു കഴിഞ്ഞു. യഥാർത്ഥ കേരളാ കോൺഗ്രസ്സും പ്രവർത്തകരും തങ്ങൾക്കൊപ്പമാണ് എന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ജോസ് കെ മാണി മുന്നണി മാറിയെങ്കിലും തങ്ങൾ കരുത്തരാണെന്നു തെളിയിക്കാനുള്ള മത്സരമാണ് വരുന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് നടത്തുക. ഇരുമുന്നണികളും വിജയ പ്രതീക്ഷ വയ്ക്കുമ്പോൾ കാത്തിരിക്കാം പാലായുടെ പോർക്കളത്തിൽ വിജയം ആർക്കെന്നു,പാലായുടെ ജനമനസ്സ് ആർക്കൊപ്പമെന്നു.