കോട്ടയം: കേരളീയ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും കലാകാരൻമാർക്ക് അംഗീകാരം നൽകുന്നതിനുമായി സംസ്ഥാന തലത്തില്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍ കലാമേളയായ ഉത്സവത്തിന് ജില്ലയില്‍ നാളെ തുടക്കം കുറിക്കും.
ജില്ലയിലെ രണ്ട് കേന്ദ്രങ്ങളായ തിരുനക്കര പഴയ പോലീസ് മൈതാനം, വൈക്കം സത്യാഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട് എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. നാളെ വൈകുന്നേരം ആറിന് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വൈക്കത്ത് സി.കെ. ആശ എം.എല്‍.എയും പരിപാടി ഉദ്ഘാടനം ചെയ്യും.
കോട്ടയത്ത് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി,ജില്ലാ കളക്ടർ എം.അഞ്ജന, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ, ഡി.ടി. പി സി എക്സ്ക്യൂട്ടീവ് കമ്മിറ്റിയംഗം ടി.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. വൈക്കത്ത് നഗരസഭാ ചെയർപേഴ്സൺ രേണുക രാജൻ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാർ പി.ടി സുഭാഷ്, പ്രതിപക്ഷ നേതാവ് കെ.പി സതീശൻ, കൗൺസിലർ ബിന്ദു ഷാജി, ഡിടിപിസി എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ആർ. രതീഷ് തുടങ്ങിയവർ പങ്കെടുക്കും.
പാക്കനാർ തുള്ളൽ, ചാക്യാർകൂത്ത്, കഥാപ്രസംഗം, നങ്ങ്യാർ കൂത്ത്, തെയ്യം, കാക്കാരിശ്ശി നാടകം, സീതക്കളി, പൂപ്പട തുള്ളൽ, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, പടയണി, കോലടി പാട്ട് തുടങ്ങിയ കലാരൂപങ്ങളാണ് ഉത്സവം 2021 ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മേള 26 നു സമാപിക്കും.