നാളുകളായുള്ള ആവശ്യത്തിന് പരിഹാരം,കോട്ടയം മാർക്കറ്റിനുള്ളിലൂടെയുള്ള ബസ്സ് സർവ്വീസ് അവസാനിപ്പിക്കുന്നു.


കോട്ടയം: നാളുകളായുള്ള ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യത്തിന് പരിഹാരമാകുന്നു. തിരക്കേറിയ കോട്ടയം മാർക്കറ്റിനുള്ളിലൂടെയുള്ള സ്വകാര്യ ബസ്സ് സർവ്വീസ് അവസാനിപ്പിക്കാൻ തീരുമാനമായി.

കോട്ടയം ആർടിഓ വി.എം ചാക്കോയുടെ നേതൃത്വത്തിൽ ആർടിഎ യോഗം ചേർന്ന് എല്ലാ മേഖലകളിൽ നിന്നുമുള്ളവരുടെ അഭിപ്രായം തേടിയിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതും ചന്തയ്ക്കകത്തുകൂടിയുള്ള ബസ്സ് സർവ്വീസ് ഒഴിവാക്കണമെന്നായിരുന്നു. പൊതുജന സംഘടനകളുടെ പ്രതിനിധികൾ,വ്യാപാര സംഘടനകളുടെ പ്രതിനിധികൾ,ഓട്ടോ ടാക്സി തൊഴിലാളിൽ പ്രതിനിധികൾ,ബസ്സ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ,കെ എസ് ആർ ടി സി അധികൃതർ, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

നഗരത്തിലെ വളരെയധികം തിരക്കുള്ള കോട്ടയം മാർക്കറ്റിനുള്ളിലൂടെ ബസ്സ് സർവ്വീസ് നടത്തുന്നത് അപകടകരമായതാണെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ ജനുവരി അവസാനം കോട്ടയം മാർക്കറ്റിനുള്ളിൽ കോഴിച്ചന്ത ഭാഗത്ത് യുവാവ് മരണപ്പെട്ടിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കും കാരണം ഈ വഴി മുഴുവൻ സമയവും തിക്കും തിരക്കുമാണ്. ഇതിനിടയിലൂടെയാണ് ബസ്സ് സർവ്വീസ് നടത്തുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ അത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും കാത്തിരിക്കുന്നത് ദുരന്തമായിരിക്കും.

വളരെയധികം ശ്രദ്ധിച്ചാണ് ഈ വഴി സർവ്വീസ് നടത്തുന്നതെന്ന് സ്വകാര്യ ബസ്സ് ഡ്രൈവർമാർ പറഞ്ഞു. ചിങ്ങവനം,ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകളാണ് മാർക്കറ്റിനുള്ളിലൂടെ സർവ്വീസ് നടത്തുന്നത്. സ്വകാര്യ ബസ്സുകൾ കെ കെ റോഡ് വഴി സെൻട്രൽ ജംക്‌ഷൻ കെ എസ് ആർ ടി സി വഴി വഴിതിരിച്ചു വിടാനാണ് യോഗത്തിൽ തീരുമാനമായത്.