കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭ്യമായിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് പിജിആർ ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ എംഎൽഎ സുരേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു.22 പദ്ധതികളുടെ ഉത്ഘടനവും ഒരു പദ്ധതിയുടെ ശിലാസ്ഥാപനവും ആണ് ആരോഗ്യ മന്ത്രി ഓൺലൈനായി നിർവ്വഹിച്ചത്. ഓസിറ്റി മെഷീൻ ഉത്‌ഘാടനം എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ നിർവ്വഹിച്ചു. എംആർഐ യൂണിറ്റ്, പക്ഷാഘാതത്തിനും രക്തക്കുഴലും രക്ത ചക്രമണവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് അത്യാധുനിക ചികിത്സ നൽകുന്നതിനായി ഡിഎസ്എ, ലീനിയർ ആക്സിലറേറ്റർ,ലക്ഷ്യ പ്രൊജക്റ്റിലൂടെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഓപ്പറേഷൻ തീയറ്റർ,ഐസിയു,
ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സ്, മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കുന്ന അത്യാധുനിക സജ്ജീകരണങ്ങൾ, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തിയേറ്ററും ഐസിയൂണിറ്റും, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ,പുതിയ മെഡിക്കൽ വാർഡ്, പിഎംആർ ബ്ലോക്കിനോട് ചേർന്ന് ലിഫ്റ്റ്, ബേൺസ് യൂണിറ്റിന്റെ ഭാഗമായി ബേൺസ് വാർഡ്, സ്‌കിൽ ലാബ്, എംഡിആർയു,നവീകരിച്ച മെഡിക്കൽ ഓപി,ആശുപത്രി ഫ്രണ്ട് ഓഫീസ്,
കുട്ടികളുടെ ആശുപത്രിയിൽ നിർമ്മിച്ച വനിതകൾക്കായുള്ള വെയിറ്റിങ് ഏരിയ, എക്‌സാമിനേഷൻ ഹാൾ,ശാരീരിക വൈകല്യമുള്ളവർക്ക് റാമ്പ്,ടോയ്‌ലറ്റ്, മെഡിക്കൽ വിഭാഗത്തിലെ ആറാം വാർഡിന്റെ നവീകരണം, ലോക്കൽ ഓപി വെയിറ്റിങ് ഏരിയ,എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകൾ,പിസിആർ മെഷീൻ,വെസ്റ്റ് കളക്ഷൻ സെന്റർ,വാഷിങ് ആൻഡ് ഡ്രയിങ് യാർഡ്, കുട്ടികളുടെ ആശുപത്രിയിൽ കാന്റീൻ എന്നീ പദ്ധതികളുടെ ഉത്ഘടനമാണ് നടന്നത്. കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മവും ആരോഗ്യ മന്ത്രി നിർവ്വഹിച്ചു.
ചടങ്ങിൽ തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി,ജില്ലാ കളക്ടർ എം അഞ്ജന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എ റംലാ ബീവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി പി മോഹനൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ തദ്ദേശ സ്ഥാപന പ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.