തീരങ്ങളും പർവ്വതങ്ങളും തേടി ഇന്ത്യയുടെ വിസ്മയ കാഴ്ച്ചകൾ കാണാനൊരുങ്ങി നിധി.


തന്റെ സ്വന്തം കാറിൽ ഇന്ത്യയുടെ വിസ്മയ കാഴ്ച്ചകൾ കാണാനുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് നമ്മുടെ സ്വന്തം കോട്ടയം സ്വദേശിനിയായ നിധി ശോശ കുര്യൻ. യാത്രകളെ ജീവനോളം സ്നേഹിക്കുന്ന നിധി ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങുന്ന തന്റെ യാത്ര 64 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാറിൽ ഇന്ത്യ മുഴുവനും കറങ്ങുന്ന ആദ്യ വനിതാ സോളോട്രാവലറായി മാറുകയാണ് നമ്മുടെ ഈ കോട്ടയംകാരി. നമ്മുടെ കൊച്ചു കേരളത്തിൽനിന്നും ആദ്യമായാണ് കാറിൽ ഒരു വനിത ഒറ്റയ്ക്ക് കാറിൽ ഇന്ത്യ ചുറ്റിക്കറങ്ങാൻ ഇറങ്ങുന്നത്. എറണാകുളം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും ഞായറാഴ്ച്ച രാവിലെ 7 മണിക്ക് നിധിയുടെ യാത്ര ആരംഭിക്കും. യാത്രാ രംഗത്ത് നിധി ഏറ്റവും കൂടുതൽ ആരാധനയോടെ കാണുന്ന ചായ വിറ്റ് ലോകം മുഴുവൻ സഞ്ചരിക്കുന്ന ബാലാജി- മോഹന ദമ്പതികളാണ് ഫ്ലാഗോഫ് ചെയ്യുന്നത്.

'' എന്റെ ഈ യാത്രയ്ക്ക് സ്പോൺസർ ഇല്ല, എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഞാൻ കൂട്ടിയും കിഴിച്ചും കരുതിയതാണ്,എന്റെ സ്വന്തം പോക്കറ്റിലെ പൈസമുടക്കി എന്റെ സഹചാരിയായ എന്റെ കൊച്ചു റെനോ ക്വിഡ് കാറിലാണ് എന്റെ യാത്ര''നിധി പറയുന്നു. ഒറ്റക്ക് ഡ്രൈവ് ചെയ്തു ഇന്ത്യ മുഴുവൻ കറങ്ങുന്നത് തന്റെ സ്വപ്‌നമാണെന്ന്‌ നിധി പറയുന്നു. ഭക്ഷണം സ്വന്തമായി പാകം ചെയ്തു കഴിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. തങ്ങേണ്ട സ്ഥലങ്ങളിലെല്ലാം താമസിക്കാനുള്ള സ്ഥലങ്ങളും റെഡിയാക്കിയിട്ടുണ്ടെന്നും നിധി പറഞ്ഞു.

തീരങ്ങളും പർവ്വതങ്ങളും തേടി ഒരു യാത്ര അതാണ് നിധിയുടെ യാത്രാ തീം. തീരങ്ങളും പർവ്വതങ്ങളും താഴ്വരകളും കടലുകളും കണ്ടു അങ്ങ് കാർഗിൽ വരെയുള്ള യാത്ര. കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ജോലിയും ഫ്രീലാൻസ് ജേർണലിസ്റ്റുമായ നിധി ഇതിനോടകം തന്നെ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. യാത്രാ അനുഭവങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് നമ്മുടെ ഈ കോട്ടയംകാരി. കാറിൽ ഇന്ത്യ മുഴുവനും കറങ്ങുന്ന ആദ്യ വനിതാ സോളോട്രാവലറായ കോട്ടയം സ്വദേശിനിക്ക് സ്വന്തം നാടിന്റെ ആശംസകൾ.