കോട്ടയം: കോട്ടയം ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു.
രണ്ടാം ദിവസമായ ഇന്ന് നെടുംകുന്നം സെന്‍റ് ജോണ്‍സ് ഹാളില്‍ നടന്ന ചങ്ങനാശേരി,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അദാലത്തുകളില്‍ 1,00,70,500 രൂപയാണ് അപേക്ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ആദ്യ ദിവസം മീനച്ചില്‍,കോട്ടയം താലൂക്കുകളില്‍നിന്നുള്ള അപേക്ഷകളില്‍ 1,18,05,000 രൂപ അനുവദിച്ചിരുന്നു. നാലു താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 397 അപേക്ഷകളില്‍ 253 കാര്‍ഡുകള്‍ അനുവദിച്ചു.
അദാലത്തിന് മന്ത്രമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും നേതൃത്വം നല്‍കി. ജില്ലയിലെ അദാലത്തിന്റെ ഏകോപനച്ചുമതലയുള്ള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും സന്നിഹിയായിരുന്നു. കോട്ടയം ജില്ലയിലെ അവസാനത്തെ അദാലത്ത് ഫെബ്രുവരി 18ന് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഈ അദാലത്തില്‍ പരിഗണിക്കുക.