നെല്ല് സംഭരണം വൈകുന്നു,കണ്ണീർക്കൂനയിൽ നെല്ലുമായി കർഷകർ, കല്ലറയിൽ കർഷകൻ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.


കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനാൽ കൊയ്തെടുത്ത നെല്ലുമായി കണ്ണീർക്കൂനയിൽ കാവലിരിക്കുന്ന കർഷകർ. മില്ലുടമകളുടെ ഏജന്റുമാർ 100 കിലോ നെല്ലിന് 16 കിലോ കിഴിവ് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

പ്രതികൂല കാലാവസ്ഥയിൽ വിളവ് പാകമാക്കി കൊയ്തെടുത്ത കർഷകർക്ക് അദ്ധ്വാനത്തിന്റെ വിലപോലും ലഭിക്കില്ലെന്നും കർഷകർ പരാതിപ്പെടുന്നു. കോട്ടയം ജില്ലയിലെ നെൽകൃഷി ചെയ്യുന്ന മേഖലകളിലെല്ലാം കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിലും വഴിയരികിലും കൂട്ടിയിട്ടിരിക്കുകയാണ്. ജനുവരി മുതൽ കൊയ്തെടുത്ത നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴും കൂന കൂട്ടിയിട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളോ അധികൃതരോ ആരും തന്നെ ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു.

ജില്ലയിൽ വൈക്കം,കുമരകം,കടുത്തുരുത്തി, കല്ലറ തുടങ്ങി വിവിധ മേഖലകളിലാണ് കൊയ്തെടുത്ത നെല്ലുകൾ സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. ദുരിതക്കയത്തിലായ കർഷകർക്ക് വേണ്ടി പാടശേഖര സമിതി കൺവീനർ പാലത്തിങ്കൽ സെബാസ്റ്റ്യൻ(58)ആണ് കല്ലറ കൃഷിഭവനിൽ ദേഹത്തു പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മില്ലുടമകൾക്ക് കൂട്ട് നിൽക്കുകയാണെന്നും കർഷകർ ആരോപിക്കുന്നു.

കടം വാങ്ങി കൃഷി ചെയ്തു കടക്കെണിയിലാകുന്ന കൃഷിക്കാരോട് സർക്കാരോ സർക്കാർ വകുപ്പുകളോ കരുണ കാട്ടുന്നില്ല എന്നും കർഷകർ പറഞ്ഞു. വിവിധ മേഖലകളിൽ വിവിധ പാടശേഖരങ്ങയി ക്വിന്റൽ കണക്കിന് നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. അധികം വൈകാതെ നെല്ല് സംഭരിച്ചില്ലെങ്കിൽ നെല്ല് നശിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.