പാലാ: എൽഡിഎഫിൽ നിന്നും മുന്നണി മാറി യുഡിഎഫിൽ എത്തിയ മാണി സി കാപ്പന് ഐശ്വര്യ കേരള യാത്രയിൽ പാലായിൽ ലഭിച്ചത് കുംഭേറ സ്വീകരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തിയപ്പോഴായിരുന്നു കാപ്പന്റെ രംഗ പ്രവേശനം.
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി ജെ ജോസഫ്,പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് മാണി സി കാപ്പനെ സ്വീകരിച്ചു. മാണി സി കാപ്പനും അദ്ദേഹത്തിനൊപ്പം 10 പേരുമാണ് എൻസിപി യിൽ നിന്നും രാജി വെച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ പുതിയ പാർട്ടി രൂപീകരിച്ചു യുഡിഎഫ് ഘടക കക്ഷിയാകുമെന്നും മാണി സി കാപ്പൻ വേദിയിൽ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജി വയ്ക്കില്ല എന്നും യുഡിഎഫ് വിട്ടു എൽഡിഎഫിൽ എത്തിയ കേരളാ കോൺഗ്രസ്സ് എം നേതാക്കളായ തോമസ് ചാഴികാടൻ എംപി,റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ് എന്നിവർ എംഎൽഎ സ്ഥാനവും രാജി വെച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പാലാക്കാരുടെ ഹൃദയത്തേരിലേറിയെത്തിയ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.