പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണം;ചരിത്രമുറങ്ങുന്ന മണിമല വലിയ പാലം പുനർനിർമ്മിക്കും.


മണിമല: പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന മണിമല വലിയ പാലം പൊളിച്ചു കളഞ്ഞു പുതിയ പാലം നിർമ്മിക്കുന്നു. 60 വർഷങ്ങൾ പഴക്കമുള്ള പാലമാണ് മണിമലയിലേത്.

പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വീതി കൂട്ടി നിർമ്മിക്കുന്ന റോഡിൽ മണിമല പാലത്തിനു വീതി കുറവായതിനാൽ അപകടങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പാലം പൊളിച്ചു പണിയാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയവുമുണ്ട്.

ആറു മാസം കൊണ്ട് പുതിയ പാലം നിർമ്മിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. മണിമല വലിയ പാലം വീതികൂട്ടി നിർമ്മിക്കുന്നതോടെ ചരിത്ര പ്രാധാന്യമർഹിക്കുന്ന മണിമല കൊച്ചു പാലവും പൊളിച്ചു മാറ്റിയേക്കും. ഇരുവശത്തും നടപ്പാതകളോടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ലോകബാങ്ക് സഹായത്തോടെയാണ് പുനലൂർ മൂവാറ്റുപഴ ഹൈവേയുടെ നിർമ്മാണം നടക്കുന്നത്. 7 മീറ്റര്‍ മാത്രമാണ് നിലവിൽ മണിമല പാലത്തിന്റെ വീതി. 12 മീറ്റർ വീതിയിലാണ് പുതിയ പാത നിർമ്മിക്കുന്നത്.

കാലപ്പഴക്കമേറിയ പാലം പൊളിച്ച് പുതിയ റോഡിന്റെ വീതിയില്‍ ഇരുവശങ്ങളിലും നടപ്പാതയോടുകൂടി പുതുതായി പണിയുന്നതാകും പ്രായോഗികമായി പ്രയോജനമുണ്ടാകുക എന്ന് ചൂണ്ടിക്കാട്ടി 22-12-2020ല്‍ കെ എസ് ടി പി പ്രോജക്ട് ഡയറക്ടര്‍ക്ക് കാഞ്ഞിരപ്പള്ളി എംഎൽഎ എൻ.ജയരാജ് കത്ത് നല്‍കിയിരുന്നു.