പ്രായത്തെ തോൽപ്പിച്ചു നൂറു മേനി വിളവിൽ മണിമലയിലെ കർഷകൻ.


മണിമല: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മണിമലയിലെ ഈ കർഷകൻ. കോട്ടയം മണിമല ചിറ്റേടത്ത് ആൻഡ്രുസ് (അപ്പച്ചൻ) ആണ് 71 വയസ്സിലും പ്രായം തളർത്താത്ത ഈ നേട്ടം കൈവരിച്ചത്. ജൈവ കൃഷിരീതികൾ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം കഴിഞ്ഞ വേനൽക്കാല വള്ളിപ്പയർ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കർഷകനാണ്.

ഈ വർഷത്തെ പയർ കൃഷിക്കാവശ്യമായ ഒരുക്കങ്ങൾ മണിമലായാറിന്റെ തീരത്ത് ഇദ്ദേഹം ആരംഭിച്ചു കഴിഞ്ഞു. പുരയിടത്തോട് ചേർന്നുള്ള തന്റെ കൃഷിയിടത്തെ പൊന്നു വിളയിക്കുന്ന മണ്ണായി മാറ്റിയിരിക്കുകയാണ് ഇദ്ദേഹം. നടുന്നതും പരിപാലിക്കുന്നതും തന്റെ മക്കളെന്ന പോലെ സ്നേഹം നൽകിയാണ്. ഈ സ്നേഹം നൂറു മേനി വിളവാണ് തിരികെ നൽകി മണ്ണും ഇദ്ദേഹത്തോടുള്ള ആത്മബന്ധം നിലനിർത്തുന്നു. രാസവളങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽ പ്രയോഗിക്കാറില്ല. പശു വളർത്തൽ ഉള്ളതിനാൽ ചാണകം യഥേഷ്ടം ലഭ്യമാണ്. ചാണകമാണ് പ്രധാന വളം. ഇലച്ചവറുകൾ വെട്ടിയിട്ടും ജൈവ ലായനിക്കൂട്ടിൽ കീടങ്ങളെ അകറ്റിയുമാണ് ഇദ്ദേഹം കൃഷിയെ പരിപാലിക്കുന്നത്.

വേനൽക്കാല പയർ കൃഷിക്ക് മുന്നോടിയായി തന്റെ കൃഷിയിടത്തിലെ കപ്പ വാട്ടി ഉണക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ. കഴിഞ്ഞ ദിവസം വിളവെടുത്ത കപ്പകൾ എല്ലാം തന്നെ ഓരോ മൂടും 60 കിലോയിലധികം ഉണ്ടായിരുന്നു. കപ്പയ്‌ക്കൊപ്പം,പാവൽ,ചേമ്പ്, ചേന,കാച്ചിൽ, വഴുതന,കോവൽ തുടങ്ങി നിരവധി കൃഷി ഇദ്ദേഹത്തിനുണ്ട്. തന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ പുരയിടത്തിലെ കൃഷിയിടത്തിൽ നിന്നും തന്നെ ലഭിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു.

കന്നുകാലി വളർത്തലും പരിപാലനവും ഇദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വത്തിലാണ്. ചെറുപ്പം മുതലേ കൃഷി തന്റെ താത്പര്യ മേഖലയായിരുന്നു, മുൻപ് കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. ഇപ്പോൾ പുരയിടത്തോട് ചേർന്നുള്ള സ്ഥലത്ത് മാത്രമാണ് കൃഷികൾ. മണ്ണിനെ സ്നേഹിക്കുന്നവർക്ക് പൊന്നു വിളയുന്ന മണ്ണ് നൂറു മേനി വിളവ് നൽകും, പ്രായം കടലാസുകളിലെയും രേഖകളിലെയും വെറും അക്കങ്ങൾ മാത്രമാണെന്നും ഇദ്ദേഹം പറയുന്നു. പറിച്ചെടുത്ത കപ്പ വാട്ടി ഉണക്കിയ ശേഷം പയർ കൃഷിയുടെ തിരക്കിലേക്ക് തിരിയാനൊരുങ്ങുകയാണ് ഇദ്ദേഹം.