കുറുപ്പന്തറ: മാഞ്ഞൂരിൽ കോൺഗ്രസ്സ്-കേരളാ കോൺഗ്രസ്സ് സംഘർഷത്തെ തുടർന്ന് ഇരുവിഭാഗങ്ങളിലുമുള്ളവർ പരിക്കേറ്റ് ചികിത്സയിൽ. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
കേരള കോൺഗ്രസ് (എം) മാഞ്ഞൂർ മണ്ഡലം പ്രസിഡൻറ് കെ സി മാത്യുവിന്റെ വീട് ഒരുകൂട്ടം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആക്രമിക്കുകയും ആക്രമണത്തിൽ പരിക്കേറ്റ കെസി മാത്യുവിനെയും ഭാര്യയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീടിനു നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിസ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞിട്ടുള്ളത്.
അതേസമയം യൂത്ത് കോൺഗ്രസ്സിന്റെ മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് ജിസ്സ് കൊല്ലംപറമ്പിലിനെ ഒരു കൂട്ടം കേരള കോൺഗ്രസ് (എം) പ്രവർത്തകർ ആക്രമിച്ചതായും മർദിച്ചു അവശനാക്കിയതിനു ശേഷം കള്ള പ്രചരണം നടത്തുകയായിരുന്നുവെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പരിക്കേറ്റു തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിസ്സ് കൊല്ലംപറമ്പിലിനെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മോൻസ് ജോസഫ് എംഎൽഎ യും സന്ദർശിച്ചു.
ഇരുവിഭാഗത്തിനുമെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുള്ളതായും അന്വേഷണം നടന്നു വരികയാണെന്നും കടുത്തുരുത്തി സി.ഐ. എം.എ.മുഹമ്മദ് പറഞ്ഞു.