മുണ്ടക്കയം: അച്ഛനും മകനും തമ്മിലുള്ള കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട മുണ്ടക്കയം സി ഐയും കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാരുടെ മകനുമായ ഷിബുകുമാറിനെ വിജിലൻസ് അറസ്റ്റു ചെയ്തു.
ഇദ്ദേഹത്തിന്റെ ഏജന്റായി പ്രവർത്തിച്ച മുണ്ടക്കയം പോലിസ് സ്റ്റേഷൻ കാന്റീനിലെ സുദീപിനെയും വിജിലൻസ് അറസ്റ്റു ചെയ്തു. കുടുംബ പ്രശ്നത്തിന്റെ പേരിൽ ഇളംകാട്ടിൽ വീട്ടമ്മയെ അച്ഛനും മകനും ചേർന്ന് പൂട്ടിയിട്ടിരുന്നു. അച്ഛനും മകനും തമ്മിലുള്ള അടിപിടിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതുമാണ്. ഈ കേസ് ഒത്തുതീർപ്പാക്കുന്നതിനായാണ് ഷിബുകുമാർ ഒരു ലക്ഷം രൂപ കൈക്കൂലി മകനോട് ആവശ്യപ്പെട്ടത്.
കൈക്കൂലി കേസിൽ ഇതിനു മുൻപും പ്രതിയായിട്ടുള്ളയാളാണ് ഷിബുകുമാർ. കഴക്കൂട്ടത്ത് വെച്ചാണ് മുൻപ് കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാർ, യൂണിറ്റ് ഡി വൈ എസ് പി പി ജി രവീന്ദ്രനാഥ്, റേഞ്ച് ഡിവൈഎസ്പി വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.