മുട്ടുച്ചിറ: അലങ്കാര മത്സ്യ വിപണന മേഖലയിൽ മുട്ടുച്ചിറയിൽ താരങ്ങളായി മാറിയിരിക്കുകയാണ് രണ്ട് കുട്ടി സംരംഭകർ. അലങ്കാര മത്സ്യങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ആവശ്യക്കാരേറെയാണ്.
ഇടക്കാലം കൊണ്ട് ആർക്കും വലിയ താത്പര്യമില്ലാതിരുന്ന മേഖലയായിരുന്നു അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതും. എന്നാൽ കോവിഡ് മഹാമാരി തീർത്ത ലോക്ക് ഡൗൺ കാലയളവിലാണ് എല്ലാവരും അലങ്കാര മത്സ്യങ്ങൾ വളർത്തുന്നതിലേക്കും പൂന്തട്ടങ്ങളിലേക്കും തിരിഞ്ഞത്. ഇതോടെ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും അലങ്കാര മത്സ്യങ്ങളുടെയും പൂച്ചെടികളുടെയും വ്യാപാരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളായ ജോയലും ജോഫിനും ചേർന്നാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. മുട്ടുച്ചിറ മള്ളിയൂർ ജംഗ്ഷന് സമീപം റോഡിന്റെ വശത്തായാണ് ഇവരുടെ അലങ്കാര മത്സ്യ വിപണന കേന്ദ്രം. ജോയൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയും ജോഫിൻ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്. രാവിലെ ഇരുവരും സൈക്കിളിൽ അടുത്തുള്ള ഫാമിൽ പോയാണ് മത്സ്യങ്ങളെ വാങ്ങുന്നത്. നിരവധി യാത്രക്കാർ തങ്ങളുടെ കൈയിൽനിന്നും അലങ്കാര മത്സ്യങ്ങൾ വാങ്ങാറുണ്ടെന്നു ഇരുവരും പറഞ്ഞു. തങ്ങളുടെ വിപണന ശാലയിൽ എത്തുന്നവരുടെ സുരക്ഷയ്ക്കായി സാനിട്ടയ്‌സറും ഇവർ കരുതിയിട്ടുണ്ട്.