ഏറ്റുമാനൂർ: പ്രായം വെറുമൊരു ആക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ചു അവ നേടിയെടുക്കാനാകുമെന്നു തെളിയിച്ചിരിക്കുകയാണ് പാലാ പുലിയന്നൂർ സുദർശനം വീട്ടിൽ നാരായണൻ നമ്പൂതിരി.
പ്രായത്തെ അക്കങ്ങളിലൊതുക്കി 64–ാം വയസ്സിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കളിയരങ്ങിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു അദ്ദേഹം. കഥകളി പഠിക്കാൻ വര്ഷങ്ങളായി മോഹം മനസ്സിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതലുള്ള ആഗ്രഹം സാധിച്ചെടുക്കാനായത് ഈ അറുപത്തിനാലാം വയസ്സിലാണെന്നു അദ്ദേത്തെ ചെറു പുഞ്ചിരിയോടെ പറയുമ്പോൾ മുഖത്തു മിന്നിമറയുന്നത് ആത്മവിശ്വാസത്തിന്റെയും ആഗ്രഹസാഫല്യത്തിന്റെയും ഒരായിരം പൂർണ്ണ ചന്ദ്ര പ്രഭയാണ്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന അരങ്ങേറ്റത്തിൽ സന്താനഗോപാലം കഥകളിയിൽ കൃഷ്ണ വേഷത്തിലാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാനായതെന്നു നാരായണൻ നമ്പൂതിരി പറഞ്ഞു. കലാമണ്ഡലം ഭാഗ്യനാഥ് ആണ് ഇദ്ദേഹത്തിന്റെ ഗുരു. പ്രായത്തെ മതിമറന്നു ആഗ്രഹ പൂർത്തീകരണത്തിൽ മതിമറന്നു നാരായണൻ നമ്പൂതിരി ആടിയപ്പോൾ അരങ്ങേറ്റത്തിന് സാക്ഷിയായി കുടുംബാംഗങ്ങൾ ഇമവെട്ടാതെ ലയിച്ചിരിക്കുകയായിരുന്നു.
62–ാം വയസ്സിലാണ് കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിഷ്യനാകാൻ സാധിച്ചതെന്നു അദ്ദേഹം പറഞ്ഞു. പ്രായംമറന്നു കഥകളി പഠിച്ചു അരങ്ങേറ്റം കുറിച്ച തന്റെ ശിഷ്യനൊപ്പം ഗുരുവും ആത്മനിർവൃതിയിൽ ആടുകയായിരുന്നു. ഭാര്യ ഷീല,മകൻ ശ്രീനാഥ് നാരായണൻ,മരുമകൾ സാന്ദ്ര. ''ആദ്യമൊക്കെ അച്ഛൻ കഥകളി പഠിക്കാൻ പോവാണ്,ക്ലാസിനു പോവാണ് എന്നൊക്കെ പറയുമ്പോഴും കേൾക്കുമ്പോഴും ഒക്കെ തമാശ ആയിട്ട് തോന്നിയിട്ടുണ്ട്.ഇതൊക്കെ നടക്കുന്ന കാര്യം ആണോ എന്നൊക്കെ ചോദിച്ചു കളിയാക്കിയിട്ടുണ്ട്.അച്ഛൻ ഗുരുവായ കലാമണ്ഡലം ഭാഗ്യനാഥ് ആശാന്റെ അടുത്ത് കഴിഞ്ഞ രണ്ടു വർഷമായിട്ട് ഒരു ദിവസം പോലും മുടങ്ങാതെ പഠിക്കാൻ പോവുകയും ഒരു വിശ്രമം പോലും ഇല്ലാതെ പരിശീലനം നടത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ ആ ആഗ്രഹത്തിന്റെ തീവ്രത എത്രമാത്രം കടുപ്പം ഉള്ളതാണെന്ന് മനസിലായി.''-ശ്രീനാഥ് നാരായണൻ.