കോട്ടയത്തിന്റെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യ ചുമതലയേറ്റു.


കോട്ടയം: കോട്ടയം ജില്ലയുടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യ ചുമതലയേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ജി ജയദേവിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി.ശില്പ 2016-ലെ ഐ.പി.എസ് ബാച്ചുകാരിയാണ്. കാസർഗോഡ് ആദ്യനിയമനം ലഭിച്ച ഡി.ശില്പ ബെംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ട് സ്വദേശിനിയാണ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം ശ്രമത്തിൽ വിജയിച്ച ഡി.ശില്പ  ഹൈദരാബാദിലും തൃശൂരിലെയും പരിശീലനത്തിന് ശേഷം കാസർഗോഡാണ് ആദ്യമായി നിയമനം ലഭിച്ചത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ബിസിനസ് അനലിസ്റ്റായിരുന്ന ശിൽപ്പ വിവാഹ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പിതാവ് ദ്യാവയ്യ കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു. അമ്മ ലളിത. ഭർത്താവ് ഐ ടി പ്രൊഫഷണലായ ആനന്ദ്. മകൾ ഐറ.