വേമ്പനാട് കായലിന്റെ കാവലാളായ രാജപ്പൻ ചേട്ടന് വീടുവെയ്ക്കാനുള്ള ധനസഹായം നൽകി ബോബി ചെമ്മണ്ണൂർ.


കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ പരാമർശിച്ച വേമ്പനാട് കായലിന്റെ കാവലാളായ രാജപ്പൻ ചേട്ടന് വീടുവെയ്ക്കാനുള്ള ധനസഹായം നൽകി ബോബി ചെമ്മണ്ണൂർ. ജന്മനാ പോളിയോ ബാധിച്ചു തളർന്ന കാലുകളുമായി വേമ്പനാട് കായലിൽ വള്ളം തുഴഞ്ഞു പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിയെടുത്തു കായലിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം ഉപജീവന മാർഗ്ഗവും തേടുന്ന അർപ്പൂക്കര ചീപ്പുങ്കൽ മഞ്ചാടിക്കരി സ്വദേശിയായ നടുവിലേക്കര എൻ.എസ്. രാജപ്പൻ (രാജു–72) ചേട്ടനാണ് വീടുവെയ്ക്കാനുള്ള ധനസഹായം ബോബി ചെമ്മണ്ണൂർ നൽകിയത്.

അടച്ചുറപ്പില്ലാത്ത വീട്ടിലാണ് രാജപ്പൻ ചേട്ടൻ താമസിക്കുന്നത്. കഴിഞ്ഞ പ്രളയത്തിലാണ് വീട് പൂർണ്ണമായും തകർന്നത്. കാലുകൾക്ക് സ്വാധീനമില്ലാത്തതിനാൽ വള്ളത്തിൽ കയറുന്നതും തിരികെ വീട്ടിലേക്ക് കയറുന്നതും നിരങ്ങിയെത്തിയാണ്. വീടിനു സമീപം വെള്ളത്തിലേക്ക് കയറുന്നതിനായി എളുപ്പത്തിനായി മണൽ ചാക്കുകൾ അടുക്കിയിട്ടുണ്ട്. രാജപ്പൻ ചേട്ടനെ കാണാനെത്തിയ ബോബി ചെമ്മണ്ണൂർ വീട്ടിൽ നിന്നും വള്ളത്തിലേക്ക് എടുത്തു കയറ്റുകയായിരുന്നു. രാജപ്പൻ ചേട്ടന്റെ ജീവിതകഥ പുറംലോകമറിഞ്ഞത് ആർപ്പൂക്കര സ്വദേശിയും ഫോട്ടോഗ്രാഫറുമായ നന്ദുവിന്റെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ്. 



ആർപ്പൂക്കര കരിപ്പ കൂലിച്ചിറമാലിയിൽ സലി-സിന്ധു ദമ്പതികളുടെ മകനായ നന്ദുവാണ്‌ ഇദ്ദേഹത്തിന്റെ ജീവിതകഥ ചിത്രങ്ങളാണ് വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് എല്ലാ മാധ്യമങ്ങളിലും ഇദ്ദേഹത്തിന്റെ ജീവിതവും ദുരിതങ്ങളും വളരെയേറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ കായലിലെ കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ചു കഴിയുമ്പോൾ ഒരു വള്ളം നിറയെയുണ്ടാകും എന്നാൽ ഇത് ആക്രിക്കടയിൽ വിറ്റാൽ ലഭിക്കുന്നത് 12 രൂപ മാത്രമാണെന്ന് അന്ന് രാജപ്പൻ ചേട്ടൻ പറഞ്ഞിരുന്നു.

പ്രധാന മന്ത്രിയുടെ മൻ കി ബാത്തിലൂടെയും യു എന്നിന്റെയും പ്രത്യേക പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് രാജപ്പൻ ചേട്ടൻ എന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.  പ്രധാനമന്ത്രിയുടേയും യു.എൻ.ന്റെയും പരാമർശമാണ് രാജപ്പൻ ചേട്ടന് വീട് നൽകാൻ പ്രേരണയായതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.