ഹൈവേ നിർമ്മാണം:പൊട്ടിച്ച പാറക്കല്ല് തെറിച്ചു വീണത് വീടിനു മുകളിലേക്ക് ,അപകടം ഒഴിവായത് തലനാരിഴയ്ക്ക്.


മണിമല: ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി യാതൊരു സുരക്ഷയുമില്ലാതെ പൊട്ടിച്ച പാറക്കല്ല് തെറിച്ചു വീണത് വീടിനു മുകളിലേക്ക്. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ കറിക്കാട്ടൂരാണ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊട്ടിച്ച പാറക്കല്ല് വീടിനു മുകളിലേക്ക് പതിച്ചത്.

കറിക്കാട്ടൂർ ആനിവേലിൽ സുരേഷിന്റെ വീടിനു മുകളിലേക്ക് പതിച്ച പാറക്കല്ല് വീടിന്റെ മേൽക്കൂര തകർത്ത് വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. ഭീകരമായ ശബ്ദം കേട്ട ഉടനെ വീടിനുള്ളിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ വളവുകൾ നിവർത്തുകയും കയറ്റിറക്കങ്ങൾ നിരപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാറകൾ പൊട്ടിച്ചു നീക്കുന്നത്. എന്നാൽ ഇത് യാതൊരു സുരക്ഷയുമില്ലാതെയാണ് നടത്തുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു. ഇതിനു മുൻപും സമാന രീതിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.