രാഹുൽ ഗാന്ധിയുടെ മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്താൻ അവസരം ലഭിച്ചത് കോട്ടയം സ്വദേശിയായ യൂട്യൂബർക്ക്.


കോട്ടയം: രാഹുൽ ഗാന്ധിയുടെ മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്താൻ അവസരം ലഭിച്ചത് കോട്ടയം സ്വദേശിയായ യൂട്യൂടൂബർക്ക്. കോട്ടയം കുടമാളൂർ സ്വദേശിയായ സെബിൻ സിറിയക്ക് ആണ് രാഹുൽ ഗാന്ധിയുടെ മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള നിമിഷങ്ങളും കടൽ യാത്രയും സംഭാഷണങ്ങളും ചിത്രീകരിച്ചത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള നിമിഷങ്ങൾ വ്ലോഗായി സെബിൻ പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും വീഡിയോ വമ്പൻ ഹിറ്റായതോടെ സെബിനും തന്റെ യൂട്യൂബ് ചാനലായ ഫിഷിങ് ഫ്രീക്ക്‌സും ഇപ്പോൾ ലോക ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് ഒരു ദിവസം രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും തനിക്ക് വിളി വരുന്നതെന്ന് സെബിൻ പറയുന്നു. രാഹുൽ ഗാന്ധി കൊല്ലത്ത് എത്തുമെന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പം അദ്ദേഹം കടലിൽ പോകുമെന്നും ഒപ്പം സഞ്ചരിച്ചു വീഡിയോ ചിത്രീകരിക്കുകയും മത്സ്യത്തൊഴിലാളികളുടെ സംഭാഷണങ്ങൾ തർജ്ജിമ ചെയ്തു നല്കണമെന്നുമായിരുന്നു അറിയിച്ചത്. അപ്രതീക്ഷിതമായി ഈ വാർത്ത കേട്ടതോടെ ആദ്യം ഒന്ന് ഞെട്ടിയതായി സെബിൻ പറഞ്ഞു. സെബിനും സഹോദരങ്ങളും കൊല്ലത്ത് എത്തി ആവശ്യമായ ഒരുക്കങ്ങൾ നടത്തി.

24 നു പുലർച്ചയെ 5 മണിയായപ്പോഴേക്കും രാഹുൽ ഗാന്ധി കടപ്പുറത്ത് എത്തിയിരുന്നു. ചെറു വള്ളത്തിൽ കയറി കടലിലെ ബോട്ടിലെത്തിയപ്പോഴേക്കും ബോട്ട് ഉടമയും തൊഴിലാളികളും അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയെ കണ്ടു അത്ഭുതപ്പെട്ടതായി സെബിൻ പറയുന്നു. ഓരോരുത്തരുടെയും മുഖത്തു നിന്നും ആ അത്ഭുത നിമിഷങ്ങൾ വായിച്ചെടുക്കാമായിരുന്നു എന്ന് സെബിൻ ഓർക്കുന്നു. കടലിലെ യാത്രയിലുടനീളം അദ്ദേഹം മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചതായും വിവരങ്ങൾ ചോദിച്ചറിഞ്ഞതായും സെബിൻ പറഞ്ഞു. ഇവയെല്ലാം സെബിൻ സസൂക്ഷമം പകർത്തിയിരുന്നു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടിയത്. കാര്യങ്ങൾ അന്വേഷിച്ച ശേഷം രാഹുൽ ഗാന്ധിയും അവരുടെ ജോലികളിൽ സഹായിക്കാനായി കടലിലേക്ക് ചാടുകയായിരുന്നു.

ലൈഫ് ജാക്കറ്റ് പോലുമില്ലാതെ രാഹുൽ ഗാന്ധി കടലിലേക്ക് ചാടിയത് പേടിയോടെയായിരുന്നു താനും മത്സ്യത്തൊഴിലാളികളും നോക്കി നിന്നത് എന്ന് സെബിൻ പറഞ്ഞു. കടലിൽ സുപരിചിതനെപ്പോലെ നീന്തി തുടങ്ങിയതോടെയാണ് എല്ലാവരുടെയും പേടി മാറിയതെന്ന് സെബിൻ പറഞ്ഞു. ബോട്ടിലെത്തിയ അദ്ദേഹം വല വലിച്ചു കയറ്റുന്നതിനും സഹായിച്ചിരുന്നു. ബോട്ടിലിരുന്നു തൊഴിലാളികൾക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. തിരികെ എട്ടു മണിയോടെ കരയിലെത്തുകയും അദ്ദേഹം മറ്റു കാര്യങ്ങൾക്കായി പോകുകയും ചെയ്തതായി സെബിൻ പറഞ്ഞു. ചൂണ്ടയിടലും മീൻ പിടുത്തവുമായി വീഡിയോകൾ ചെയ്തു യൂട്യൂബിൽ മുന്നേറുകയാണ് സെബിൻ. ചൂണ്ടയിടുന്ന രീതികളും മീൻ പിടിക്കുന്ന രീതികളും സെബിൻ പല വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്.

കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ചൂണ്ടയിടാനായി സെബിൻ പോയിട്ടുണ്ട്. ഇതെല്ലാം സെബിന്റെ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. എംഎസ് സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയ്ക്ക് പോകുന്നതിനായി ഒരുക്കങ്ങൾ നടത്തുന്നതിനിടെ കൗതുകത്തിനായി ഒരു തവണ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ യൂട്യൂബിൽ ഇടുകയായിരുന്നു. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കാനഡയ്ക്ക് പോകുന്നതിനു പകരം ചൂണ്ടയിടീൽ തന്റെ പ്രഫഷനായി സ്വീകരിക്കുകയായിരുന്നു ഈ യുവാവ്.

ഇപ്പോൾ പതിനാറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് സെബിന്റെ ഫിഷിങ് ഫ്രീക്ക്സ് എന്ന യൂട്യൂബ് ചാനലിൽ. വിവിധ തരാം ചൂണ്ടകൾ സെബിന്റെ കയ്യിൽ സുലഭമാണ്. ഇവ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ. പിതാവ് സിറിയക്കിന്റെയും മാതാവ് മേരിക്കുട്ടിയുടെയും പൂർണ്ണ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് സെബിൻ ഉറപ്പിച്ചു പറയുന്നു.