റോഡ് കുഴിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ.


തിരുവനന്തപുരം: റോഡ് കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ബി.എസ്.എൻ.എല്ലിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ ഡയൽ ബിഫോർ ഡിഗ് ടോൾ ഫ്രീ സർവീസ് (1800 425 6677) ആരംഭിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. റോഡ് കുഴിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ സംവിധാനം പ്രയോജനപ്പെടുത്തി വിവരങ്ങൾ ബി.എസ്.എൻ.എലിനെയും പൊതുമരാമത്തു വകുപ്പിനെയും അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവഴികളും ഹൈവേകളും കുഴിക്കുമ്പോൾ പൊതുജനങ്ങൾക്ക് വിവരം ടോൾഫ്രീ നമ്പറിൽ രേഖപ്പെടുത്താം. തുടർന്ന് ഈ ഐ.വി.ആർ.എസ് (IVRS) സംവിധാനം ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ്.എം.എസ് വഴി വിവരം കൈമാറും.

ഉദ്യോഗസ്ഥൻ ഫോൺ ചെയ്തയാളെ തിരികെ വിളിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. തിരുവന്തപുരം ബി.എസ്.എൻ.എൽ കേരള സർക്കിൾ ഓഫീസിൽ നടന്ന ചടങ്ങിൽ ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.