ബജറ്റ്:കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ശബരീ പാതയ്ക്ക് 1000 രൂപ ടോക്കൺ മാത്രം.


കോട്ടയം: ഇത്തവണത്തെ ബജറ്റിൽ റെയിൽവേയിൽ കോട്ടയത്തിനു ലഭിച്ചത് പാത ഇരട്ടിപ്പിക്കലിനുള്ള തുക മാത്രം. കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി രൂപയാണ് കോട്ടയത്തിനുള്ള വിഹിതം. പാതയിരട്ടിപ്പിക്കൽ ജോലികൾ ബാക്കിയുള്ളത് ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 16.84 കിലോമീറ്റർ മേഖലകളിലാണ്. പാതയിരട്ടിപ്പിക്കൽ ജോലികൾ ഈ വര്ഷം തന്നെ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

എന്നാൽ ശബരീ പാത ബജറ്റിൽ ഇടം നേടിയില്ല. ശബരീ പാതയ്ക്ക് 1000 രൂപ ടോക്കൺ മാത്രമാണ് ബജറ്റിൽ ഉള്ളത്. പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചു സംസ്ഥാനം കേന്ദ്രത്തിനു കത്തു നല്കിയപ്പോഴേക്കും ബജറ്റ് നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇതിനാലാകാം ബജറ്റിൽ ശബരീ പാതയുടെ പദ്ധതി പ്രവർത്തനങ്ങളുടെ പരാമർശം ഉണ്ടാകാഞ്ഞത് എന്നാണു കരുതുന്നത്. സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന പണം ലഭ്യമാക്കുന്നതോടെ പദ്ധതി നടപടികൾ ആരംഭിക്കും.