സാന്ത്വന സ്പർശം; കോട്ടയത്ത് ലഭിച്ചത് 6711 പരാതികൾ.


 

കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ  ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നതിനായി ലഭിച്ചത് 6711 അപേക്ഷകൾ. ഇതിൽ 4700 എണ്ണം മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും 2011 അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധി പോർട്ടലിലുമാണ് ലഭിച്ചത്.

2011 അപേക്ഷകൾ ചികിത്സാ ധനസഹായത്തിനു വേണ്ടിയുള്ളവയാണ്. സി.എം.ഒ പോർട്ടലിൽ ലഭിച്ച അപേക്ഷകൾ പരിഹാര നടപടികൾക്കായി അതത് വകുപ്പു മേധാവികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. അപേക്ഷകളിൽ സ്വീകരിച്ച പരിഹാര നടപടികൾ സംബന്ധിച്ച റിപ്പോർട്ട് വകുപ്പുമേധാവികൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു വരുന്നു.

ഫെബ്രുവരി മൂന്നുമുതല്‍ ഒന്‍പതുവരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്.താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്ന അദാലത്തുകൾക്ക് മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി. ജലീൽ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. സബ് കളക്ടർ രാജിവ് കുമാർ ചൗധരിക്കാണ് സംഘാടനച്ചുമതല.