കോട്ടയം: കോട്ടയം ഇനി വനിതകൾ നയിക്കും. പുതിയ ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യ ചുമതലയേൽക്കുന്നതോടെ കോട്ടയം ജില്ലയുടെ പ്രധാന ഭരണ സിരാകേന്ദ്രങ്ങൾ ഇനി വനിതകളുടെ കൈകളിൽ ഭദ്രം. ഇനിയുള്ള നാളുകൾ കോട്ടയത്തെ മുന്നിൽ നിന്ന് നയിക്കുന്നത് മൂന്നു വനിതകളായിരിക്കും. ജില്ലാ കലക്ടറായി എം അഞ്ജന,ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി എന്നിവർക്കൊപ്പം ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യയും.
2020 ജൂൺ മുതൽ കോട്ടയം ജില്ലയുടെ കലക്ടറാണ് എം അഞ്ജന. നിലപാടുകളിൽ വ്യതിചലിക്കാതെ ജില്ലയെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വമാണ് എം അഞ്ജനയുടേത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ നിർമ്മല ജിമ്മി ഇത് രണ്ടാം തവണയാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. മുൻഅനുഭവ പരിജ്ഞാനത്തിൽ കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിർമ്മല ജിമ്മിക്ക് സാധിക്കും. 2020 ഡിസംബറിലാണ് നിർമ്മലാ ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കാസർഗോഡ് നിന്നും അക്ഷര നഗരിയിലേക്കെത്തുന്ന കോട്ടയത്തിന്റെ പുതിയ ജില്ലാ പോലീസ് മേധാവി ശില്പ ദ്യാവയ്യയും ചുമതലയേൽക്കുന്നതോടെ വനിതകൾ നയിക്കുന്ന ജില്ലയായി കോട്ടയം മാറും. ഇതോടൊപ്പം വിവിധ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,നഗരസഭാ അധ്യക്ഷ സ്ഥാനങ്ങൾ വഹിക്കുന്നതും വനിതകളാണ്.