ഈരാറ്റുപേട്ട: സൈക്കിൾ സവാരിക്ക് നവ്യാനുഭവം പകർന്ന് 2 പേർക്ക് ചവിട്ടി യാത്ര ചെയ്യാവുന്ന സൈക്കിൾ ഈരാറ്റുപേട്ടയിലും. ഈരാറ്റുപേട്ടയിലെ വയലങ്ങാട്ടു പരിക്കൊച്ചിന്റെ ഉടമസ്ഥതയിലുള്ള വുഡ്ലാൻഡ് ഫർണീച്ചർ മാർട്ടിലാണ് സൈക്കിൾ എത്തിയിരിക്കുന്നത്.
2 പേർക്ക് ചവിട്ടി യാത്ര ചെയ്യാവുന്ന സൈക്കിളാണ് ഇത്. വളരെ നാളുകളായി വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ച ശേഷമാണ് സൈക്കിൾ തനിക്ക് സ്വന്തമാക്കാൻ സാധിച്ചതെന്നു പരിക്കൊച്ച് പറഞ്ഞു. ഒരേ സമയം 2 പേർക്ക് ഇരുന്നു ചവിട്ടി യാത്ര ചെയ്യാവുന്ന ഈ സൈക്കിൾ തമിഴ്‌നാട്ടിൽ നിന്നുമാണ് ലഭ്യമായതെന്നു പരിക്കൊച്ച് പറഞ്ഞു. സൈക്കിളിൽ കൗതുകം തോന്നി എത്തുന്നവർക്ക് രാവിലെയും വൈകിട്ടും പരിക്കൊച്ച് സൈക്കിൾ ഉപയോഗിക്കാൻ നൽകുന്നുണ്ട്.
നമ്മുടെ നാട്ടിൽ ഇത്തരം സൈക്കിൾ കാണാനില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ ഇവ സുലഭമാണ് എന്നും കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികൾക്കായി 2 പേർക്ക് ചവിട്ടി യാത്ര ചെയ്യാവുന്ന സൈക്കിളുകൾ ലഭ്യമാണെന്നും പരിക്കൊച്ച് പറഞ്ഞു. നിരവധിപ്പേരാണ് ഇപ്പോൾ സൈക്കിൾ ഉപയോഗിക്കാനായി എത്തുന്നത്. ആളുകളുടെ എണ്ണം കൂടുതലാകുകയാണെങ്കിൽ ഇനിയും ഒന്നോ രണ്ടോ സൈക്കിൾ കൂടി വാങ്ങാനും പദ്ധതിയുണ്ടെന്ന് പരിക്കൊച്ച് പറഞ്ഞു.