തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് ലഭിക്കണമെന്ന അവകാശ വാദത്തിൽ ഉറച്ചു പി ജെ ജോസഫ്. യുഡിഎഫുമായി സീറ്റ് ധാരണകൾ സംബന്ധിച്ച് പി ജെ ജോസഫ് ചർച്ചകൾ നടത്തി. ആദ്യഘട്ടത്തിൽ 15 സീറ്റുകൾ വേണമെന്നായിരുന്നു പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 15 സീറ്റുകൾ നൽകാൻ യുഡിഎഫ് വിസമ്മതിക്കുകയായിരുന്നു.
ആലത്തൂർ,തളിപ്പറമ്പ് സീറ്റുകൾ ഉപേക്ഷിക്കാൻ തയ്യാറാണെന്നും മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റ് വിട്ടു നൽകാൻ തനിക്ക് പൂർണ്ണ സമ്മതമാണെന്നും യുഡിഎഫ് നേതൃത്വത്തെ പി ജെ ജോസഫ് അറിയിച്ചു. 12 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ പി ജെ ജോസഫ് ഉറച്ചു നിൽക്കുമ്പോഴും യുഡിഎഫ് 7 സീറ്റുകൾ വരെ നൽകാനാണ് സമ്മതം അറിയിച്ചിരിക്കുന്നത്. ജയസാധ്യതകൾ കണക്കിലെടുത്താണ് സീറ്റ് നിർണ്ണയം. കേരളാ കോൺഗ്രസ്സിന്റെ മുഴുവൻ സീറ്റുകളും വേണമെന്ന ആവശ്യമായിരുന്നു പി ജെ ജോസഫ് ആദ്യം ഉന്നയിച്ചിരുന്നത്. ഈ ആഴ്ച്ച നടക്കുന്ന ചർച്ചകൾക്ക് ശേഷമേ സീറ്റ് ധാരണകൾ സംബന്ധിച്ചുള്ള അന്തിമ വിവരങ്ങൾ ലഭ്യമാകുകയുള്ളു.