സാന്ത്വന സ്പർശം:ചികിത്സാ ധനസഹായത്തിനൊപ്പം ഗിരീഷിന് വീടെന്ന സ്വപ്നത്തിലേക്കുള്ള വഴിയും തുറന്നു.


കോട്ടയം:അപകടത്തിൽ പരുക്കേറ്റ് 18 വർഷമായി വീൽ ചെയറിന്‍റെ സഹായത്തോടെ ജീവിക്കുന്ന ഗിരീഷ് ചികിത്സാ ധനസഹായത്തിന് അപേക്ഷ നൽകാനാണ് അദാലത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 25000 രൂപ അനുവദിച്ചതിനൊപ്പം ലൈഫ് മിഷനില്‍ ഒരു വീടു സ്വന്തമാക്കുന്നതിനുള്ള വഴികൂടി തെളിഞ്ഞതിന്‍റെ ആഹ്ളാദത്തിലായിരുന്നു മടക്കം.

ശരീരം തളർന്നതിനെത്തുടർന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് ചെമ്പ് തുരുത്തേൽ തുരുത്തമ്മ ഗിരീഷ് ടി.എം. ഭാര്യ അജിതയ്ക്ക് തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വരുമാനവും അംഗ പരിമിതർക്കുള്ള ക്ഷേമ പെൻഷനും മാത്രമാണ് ഉപജീവന മാർഗം. ജീവിതച്ചെലവിനും ചികിത്സയ്ക്കും പണം കണ്ടെത്താന്‍ ക്ലേശിക്കുന്നതിനിടെയാണ് സാന്ത്വന സ്പർശം അദാലത്തിനെത്തിയത്. ലൈഫ് മിഷനില്‍ വീട് ലഭ്യമാക്കുന്നതിനായി പരിഗണിക്കാമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഇവരെ അറിയിക്കുകയായിരുന്നു.