കോട്ടയം: ശരീരത്തെ കീഴടക്കിയ രോഗത്തിനു മുന്നില്‍ തളരാത്ത മനസുമായി ജീവിക്കുന്ന മീര രമേശന്‍റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് സാന്ത്വന സ്പര്‍ശം അദാലത്ത്. ജന്മനാ സ്പെനൽ മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച മറവൻതുരുത്ത് പടിഞ്ഞാറേ കാരുപള്ളി വീട്ടിൽ മീരയുടെ ജീവിതംതന്നെ പോരാട്ടമാണ്.
ബിരുദ പഠനത്തിനൊപ്പം മോട്ടിവേഷനൽ സ്പീക്കിംഗ്, ഷോർട്ട് ഫിലിം തിരക്കഥാരചന, കവിതയെഴുത്ത് എന്നിങ്ങനെ പല മേഖലകളില്‍ കഴിവു തെളിയിച്ചു. 2008 ൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ജോലി എന്ന സ്വപ്നവുമായാണ് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ അദാലത്തിലെത്തിയത്. അച്ഛൻ രമേശൻപിള്ളയോടൊപ്പം ഓട്ടോമാറ്റിക്ക് വീൽ ചെയറിൽ എത്തിയ മീരയെ വേദിക്കു പുറത്തെത്തിയ ജില്ലാ കളക്ടര്‍ എം. അഞ്ജന നേരില്‍ കണ്ട് അപേക്ഷ വാങ്ങി.
എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലൂടെ ജോലി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. അദാലത്തില്‍നിന്ന് നിര്‍ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായത്തിനായി അപേക്ഷ നല്‍കി. നിമിഷങ്ങൾക്കകം മന്ത്രി ഡോ. കെ.ടി ജലീൽ ചികിത്സാ സഹായവും അനുവദിച്ചു. കൃഷിക്കാരനായ അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് മീരയുടെ കുടുംബം. ചികിത്സാ ചിലവ് താങ്ങാൻ സാധിക്കാത്തതിനാല്‍ ഫിസിയോ തെറാപ്പി മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പലരുടെയും സഹായത്താലാണ് ഒരു ഓട്ടോമാറ്റിക്ക് വീൽചെയർ ലഭിച്ചത്.