കെ എസ് ആർ ടി സി ബസ്സ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തി വൈക്കം കെ ടി ഡി സി.


വൈക്കം: കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുതുതായി രണ്ടു നിലകളിലായുള്ള റെസ്റ്റോറന്റ് നിർമ്മാണം പൂർത്തീകരിക്കുന്നു. കെ എസ് ആർ ടി സി ബസ്സ് ആണ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തിയെടുക്കുന്നത്.

2 നിലകളിലായി സജ്ജമാക്കുന്ന റെസ്റ്റോറന്റിൽ 50 പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. കെ എസ് ആർ ടി സി യുടെ ബസ് അതിമനോഹരമായി  രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെ ആണ് ഈ റെസ്റ്റോറന്റ് നിർമ്മിക്കുന്നത്. ഇരുനിലകൾ ഉള്ള റെസ്റ്റോറൻ്റ്ൻ്റെ താഴത്തെ നില മുഴുവനായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക് രീതിയിലുമാണ് ഒരുക്കുന്നത്.

ഏപ്രിൽ മാസത്തോടെ റെസ്റ്റോറന്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് രുചി വൈവിധ്യങ്ങൾക്കൊപ്പം വ്യത്യസ്‍തമായൊരനുഭവമായിരിക്കും ഈ റെസ്റ്റോറന്റ്. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുരോഗമിക്കുന്ന റെസ്റ്റോറന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈക്കം എംഎൽഎ സി.കെ ആശ സന്ദർശിച്ചു വിലയിരുത്തി.