വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി നാടിനു സമർപ്പിച്ചു.


വൈക്കം: കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന വൈക്കത്തെ താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിർമിച്ച അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു. ആറു നിലകളിലായി പടുത്തുയർത്തിയ കെട്ടിടം സംസ്ഥാനത്തെ ഏതൊരു ആധുനിക ആശുപത്രിയോടും കിടപിടിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

ലേബർ റൂമുകൾ, കുട്ടികൾക്കുള്ള ഐസിയു, ഒബ്സർവേഷൻ റൂമുകൾ തുടങ്ങി അത്യാധുനികസൗകര്യങ്ങൾ ഉറപ്പാക്കുന്ന ആശുപത്രിയിൽ ഇരുന്നൂറ് കിടക്കകൾ സജ്ജീകരിക്കാനാകും. മുപ്പത്തിരണ്ടു കോടി രൂപ വിനിയോഗിച്ച്‌ നിർമിച്ചതാണ് അമ്മയും കുഞ്ഞും ആശുപത്രി. സാധാരണക്കാർ തിങ്ങി പാർക്കുന്ന വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും സ്ത്രീകൾക്കും കുട്ടികൾക്കും അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാകുന്നതോടെ മികച്ച ചികിത്സ ഉറപ്പാക്കാനാകും.

ചടങ്ങിൽ വൈക്കം എംഎൽഎ സി.കെ ആശ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.