ആക്ഷനും കട്ടുമില്ല, സൊമാറ്റോ ഡെലിവറി പാട്ണറായി കോട്ടയത്തിന്റെ യുവസംവിധായകൻ.


കോട്ടയം: ആദ്യമായി സംവിധാനം ചെയ്ത സിനിമ റിലീസ് കാത്തുനിൽക്കേയാണ് സിനിമകളെ വെല്ലുന്ന തന്റെ ജീവിത കഥയിൽ സൊമാറ്റോ ഡെലിവറി പാട്ണറായി വേഷമണിഞ്ഞു കോട്ടയത്തിന്റെ യുവസംവിധായകൻ. കോട്ടയം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദാണ് തന്റെയും കുടുംബത്തിന്റെയും ജീവിതച്ചെലവുകൾക്കായി സൊമാറ്റോയിൽ ഫുഡ് ഡെലിവറി പാട്ണറായി ജോലി ചെയ്യുന്നത്.

സിനിമയെ തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന റിയാസ് അനവധി ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നു. നാളുകളായുള്ള തന്റെ മോഹമായിരുന്നു സ്വന്തം സിനിമ എന്നുള്ളത് എന്ന് റിയാസ് പറഞ്ഞു. റിയാസ് സംവിധാനം ചെയ്ത അമീറാ എന്ന മലയാള ചലച്ചിത്രം റിലീസ് കാത്തുനിൽക്കുകയാണ്. കോവിഡ്കാല പ്രതിസന്ധികളെ തരണം ചെയ്താണ് റിയാസ് തന്റെ സ്വപ്നം പൂർത്തീകരിച്ചത്. ഇതിനിടെ നിരവധി അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് റിയാസിന്റെ ജീവിതം കടന്നു പോയത്. മാസങ്ങൾക്ക് മുൻപ് തന്റെ പിതാവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി പണമില്ലാത്ത അവസ്ഥയിൽ തന്റെ മൊബൈൽ ഫോണും ലൈസൻസും ആധാർ കാർഡും പണയം വെച്ചാണ് മരുന്നുകളും ടെസ്റ്റുകളും നടത്തിയതെന്ന് റിയാസ് വേദനയോടെ ഓർക്കുന്നു.

ജി ഡബ്ള്യു കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ മുഹമ്മദ്, അനൂപ് ആർ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. മീനാക്ഷിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരു മതവിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹവും അവരുടെ മരണ ശേഷം കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശനങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മതവും,പൗരത്വവും ഈ കഥയിലെ പ്രധാന വിഷയങ്ങളായി അവതരിപ്പിക്കുന്നു. അരിഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷൻ, ബോബൻ സാമുവേൽ, മീനാക്ഷി മഹേഷ് തുടങ്ങി നിരവധി താരങ്ങൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓടിടി പ്ലാറ്റഫോമിലൂടെ വളരെ വേഗം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിയാസ്.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ''സിനിമ തന്റെ ജീവനാണ്,പ്രതിസന്ധികൾ മാറിവരുമെന്നു ശുഭ പ്രതീക്ഷയുണ്ട്. ചെറുതെങ്കിലും പ്രതിദിനം ഒരു വരുമാനം സൊമാറ്റോയിൽ നിന്നും ലഭിക്കുന്നതിനാൽ ഇപ്പോൾ ജീവിതച്ചെലവുകൾ നടന്നു പോകുന്നുണ്ട്. സിനിമയോട് ഉള്ള അമിത ആത്മാർത്ഥ കൊണ്ടു കയ്യിൽ നിന്നു പൈസ മുടക്കിയും ആരോഗ്യവും ബുദ്ധിയും എല്ലാം പണയം വെച്ചു ചെയ്യുന്നതല്ലാതെ ഒരു രൂപ വരുമാനം വാങ്ങിയിട്ടില്ല'' -റിയാസ് മുഹമ്മദ്.