വേനൽ ശക്തമാകുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.


കോട്ടയം: ചൂട് കനത്ത സാഹചര്യത്തില്‍ ഇതുമൂലം ഉണ്ടാകാവുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. സൂര്യാതപം, സൂര്യാഘാതം, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ ബാധിക്കാന്‍ സാധ്യതയുണ്ട്.


രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുന്നത് നല്ലതാണ്.


ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കാന്‍ മറക്കരുത്. ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ കിണറുകളിലും ടാപ്പുകളിലും ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.


ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളം കുടിക്കുക. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.


ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള ഇളം നിറമുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെയില്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് തടയാന്‍ വെയിലത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കാവുന്നതാണ്.


വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഇരുത്തിയിട്ട് പോകുന്നത് ഒഴിവാക്കണം.


വളരെ ഉയര്‍ന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ശരീരം, ശക്തമായ തലവേദന, തലക്കറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, എന്നിവ സൂര്യാഘാതം ഏറ്റതിന്റെ ലക്ഷണങ്ങളാണ്. ഇവ അനുഭവപ്പെട്ടാല്‍ വെയിലത്തുനിന്നു മാറി വിശ്രമിക്കുകയും നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ദീര്‍ഘമായി ശ്വസിക്കുക. കൂടുതല്‍ ഭാഗത്ത് സൂര്യാതപം ഏറ്റതായി തോന്നുകയോ, അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടണം.


ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പാനീയങ്ങള്‍ തയ്യാറാക്കുന്നതിന് തിളപ്പിച്ചാറിയതോ ശരിയായി ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം മാത്രം ഉപയോഗിക്കണം. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കണം.