നാലുകോടിയിൽ മകൻ ഓടിച്ചിരുന്ന വാനും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടിയിൽ വാനും കണ്ടെയിനർ ലോറിയും കൂട്ടിയിടിച്ച് തൊടുപുഴ സ്വദേശിക്ക് ദാരുണാന്ത്യം. തൊടുപുഴ വേങ്ങല്ലൂർ കപ്രാട്ടിൽ മുഹമ്മദ് കണ്ണിന്റെ മകൻ കെ പി ഷാജി (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചയെ 4 മണിയോടെ നാലുകോടി കവലയിൽ ആയിരുന്നു അപകടം നടന്നത്.

മീൻ കൊണ്ട് വരുന്ന കണ്ടെയിനർ ലോറിയും വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. തൊടുപുഴയിൽ നിന്നും തടി സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഷാജിയും മകൻ ഷാമോനും സഞ്ചരിച്ചിരുന്ന വാനും പായിപ്പാട് മത്സ്യ മാർക്കറ്റിൽ മത്സ്യം ഇറക്കിയ ശേഷം തിരികെ വരികയായിരുന്ന കണ്ടെയിനർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷാജി വാനിന്റെ ഡോറിനിടയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൻ ഷാമോനായിരുന്നു വാൻ ഓടിച്ചിരുന്നത്. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.