പാലാ: പാലാ ചേർപ്പുങ്കലിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മതിലിലിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ ജീവനക്കാരിയായ റിൻസമ്മ ജോൺ(40) ആണ് മരിച്ചത്.
ഏഴു മാസം ഗർഭിണിയായിരുന്നു റിൻസമ്മ. അപകടത്തിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. രാവിലെ പാലാ-ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിൽ വെച്ചായിരുന്നു അപകടം. ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് ജോലിക്ക് വരികയായിരുന്ന റിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിലേക്ക് പട്ടി കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റിൻസമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.