ഇടുക്കി: ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജിൽ വൊളന്ററി നഴ്സായി ജോലി ചെയ്യുകയായിരുന്ന ഇടുക്കി സ്വദേശിനി രോഹിണി(30)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്.
കോട്ടയത്ത് മെഡിക്കൽ കോളേജിലെ ജോലിക്ക് ശേഷം പാമ്പനാറിലെ വീട്ടിലേക്ക് പോകുകയായിരുന്ന രോഹിണി ബസ്സിൽ നിന്നിറങ്ങി ബസ്സിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രോഹിണിയുടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. ബസ്സിന് തൊട്ട് മുൻപിലൂടെ റോഡ് മുറിച്ചു കടന്നത് ഡ്രൈവർക്ക് കാണാൻ സാധിച്ചിരുന്നില്ല.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിണിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭർത്താവ് സുധീഷ് പാമ്പനാറിൽ ഓട്ടോ ഡ്രൈവറാണ്.