കാഞ്ഞിരപ്പള്ളി: പരിചയം പുതുക്കി ഓരോ വോട്ടറേയും നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. എംഎൽഎ ആയിരുന്ന കാലയളവിലെ കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന്റെ മുഖം വീണ്ടും ഓർമ്മപ്പെടുത്തിയാണ് അൽഫോൻസ് കണ്ണന്താനം പ്രചാരണ പരിപാടികൾ മുൻപോട്ട് കൊണ്ട് പോകുന്നത്.
ചിറക്കടവ് പഞ്ചായത്തിലായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ പര്യടനം. ചെറുവള്ളി, മണ്ണംപ്ലാവ്, ചിറക്കടവ്, പൊൻകുന്നം ടൗണ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു കോട്ടയത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ അൽഫിൻസ് കന്നതാണത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. ബുധനാഴ്ച്ച പൊൻകുന്നം ശ്രേയസ്സ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചാണ് തെരഞ്ഞെടുപ്പ് സമ്മേളനം നടത്തപ്പെടുന്നത്.