തൊടുപുഴ ആശീർവാദ് സിനിപ്ലസിന്റെ മിനിയേച്ചർ നിർമ്മിച്ചു ഈരാറ്റുപേട്ട സ്വദേശി.


ഈരാറ്റുപേട്ട: തൊടുപുഴ ആശീർവാദ് സിനിപ്ലസിന്റെ മിനിയേച്ചർ നിർമ്മിച്ചു ശ്രദ്ധേയനായിരിക്കുകയാണെന്നു ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്. ഈരാറ്റുപേട്ട കളത്തുക്കടവ് സ്വദേശിയായ മണികണ്ഡവിലാസം മജീഷ് ആണ് തൊടുപുഴ ആശീർവാദ് സിനിപ്ലസ് തിയറ്ററിന്റെ മിനിയേച്ചർ നിർമ്മിച്ചിരിക്കുന്നത്.

തപാൽ വകുപ്പിലെ താത്ക്കാലിക ജീവനക്കാരനായ മജീഷ് ജോലിക്ക് ശേഷമുള്ള ഒഴിവ് സമയങ്ങളിലാണ് തന്റെ ഇഷ്ട മേഖലയായ മിനിയേച്ചർ നിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തുന്നത്. 5 മാസത്തോളം സമയമെടുത്തു വളരെ ശ്രദ്ധാപൂർവ്വമാണ് മിനിയേച്ചർ നിർമ്മിച്ചതെന്ന് മജീഷ് പറഞ്ഞു. ലാലേട്ടന്റെ കടുത്ത ആരാധകനായ മജീഷ് മിനിയേച്ചർ നിർമ്മിച്ച വിവരമറിഞ്ഞ ആന്റണി പെരുമ്പാവൂർ മജീഷിനെ ബന്ധപ്പെട്ടു അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തു ആശീർവാദ് സിനിമാസിന്റെ ഓഫീസിൽ വെച്ച് ആന്റണി പെരുമ്പാവൂർ മജീഷിന്റെ പക്കൽ നിന്നും തൊടുപുഴ ആശീർവാദ് സിനിപ്ലസിന്റെ മിനിയേച്ചർ ഏറ്റുവാങ്ങി.

പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതിലുമുപരി അഭിനമാന നിമിഷമായിരുന്നു അതെന്നു മജീഷ് പറഞ്ഞു. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് മജീഷ് പറഞ്ഞു. പൂർണ്ണ പിന്തുണയുമായി പിതാവ് മണിയനും മാതാവ് പുഷ്പയും സഹോദരൻ മനീഷും മജീഷിനൊപ്പമുണ്ട്. തന്റെ വീടിന്റെ മിനിയേച്ചറാണ് ആദ്യമായി നിർമ്മിച്ചതെന്നും പിന്നീട് വിവിധ വീടുകളുടെയും വാഹനങ്ങളുടെയും മിനിയേച്ചറുകൾ നിർമ്മിച്ചതായും മജീഷ് പറഞ്ഞു. ഫോം ഷീറ്റിലാണ് നിർമ്മാണം.

മിനിയേച്ചർ നിർമ്മാണം പ്രശസ്തമായതോടെ നിരവധിപ്പേരാണ് തങ്ങളുടെ വീടിന്റെയും സ്ഥാപനങ്ങളുടെയും മിനിയേച്ചറുകൾ നിർമ്മിക്കാനായി മജീഷിനെ സമീപിക്കുന്നത്. ഹെവൻസ് ക്രാഫ്റ്റ് എന്ന പേരിലാണ് ഇപ്പോൾ മജീഷ് മിനിയേച്ചറുകൾ നിർമ്മിക്കുന്നത്. സമൂഹമാധ്യമങ്ങളിലും വളരെയധികം പിന്തുണ ലഭിക്കുന്നുണ്ടെന്നും മജീഷ് പറഞ്ഞു.