പാലാ: പാലായ്ക്ക് ഒരു എംഎൽഎ ഉണ്ടെങ്കിൽ അത് മാണി സി കാപ്പൻ മാത്രമായിരിക്കും എന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലാ നിയോജക മണ്ഡലം. ഇന്നലെ പാലാ നിയോജക മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി സി കാപ്പന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. മേയ് രണ്ടിന് ഫലം പുറത്തുവരുമ്പോൾ പാലമണ്ഡലത്തിന്റെ എം.എൽ.എയായി മാണി.സി.കാപ്പൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും പാലയ്ക്ക് എം.എൽ.എയുണ്ടെങ്കിൽ അത് മാണി.സി.കാപ്പൻ മാത്രമായിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മാണി സി കാപ്പനും ചാണ്ടി ഉമ്മനും ചേർന്ന് നടത്തിയ റോഡ് ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ചാണ്ടി ഉമ്മന്റെ വരവോടെ മണ്ഡലത്തിലെ യു ഡി എഫ് ക്യാമ്പും കൂടുതൽ ആവേശഭരിതമായി. വീടുവീടാന്തരം കയറിയും കവലകളിലെ ചെറിയ യോഗങ്ങളിൽ പങ്കെടുത്തും ചാണ്ടി ഉമ്മൻ മാണി സി കാപ്പന്റെ വിജയത്തിന് പാലക്കാരുടെ പിന്തുണ തേടി. തുടർന്ന് പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോമി കല്ലാനിക്കൊപ്പം റോഡ് ഷോയിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.