പാലാ: യുഡിഎഫിന്റെ വാഗ്ദാനങ്ങളിൽ മയങ്ങി എൽഡിഎഫിനെ വഞ്ചിച്ചവർക്ക് ഈ തിരഞ്ഞെടുപ്പിൽ പാലായിലെ ജനം മറുപടി നൽകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി പാലായിൽ സംസാരിക്കുകയായിരുന്നു. ലൈഫ് പദ്ധതിയും യുവാക്കൾക്കും കർഷകർക്കുമായുള്ള പ്രഖ്യാപനങ്ങളിൽ ആവേശം പകരുകയായിരുന്നു പാലായിലെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി.
40 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള എൽഡിഎഫിന്റെ ഉറപ്പും റബ്ബറിന്റെ താങ്ങുവില 250ലേക്ക് ഉയർത്തുന്നതുൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാലാ നിയോജക മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ കക്ഷികൾ ഈ നാടിന്റെ വികസനത്തെ തകർക്കാൻ നടത്തുന്ന എല്ലാ ഗൂഢാലോചനകളും ഒറ്റക്കെട്ടായി ചെറുക്കണമെന്നും പിണറായി വിജയൻ പാലായിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.