കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത് 105241 പേർ.


കോട്ടയം: കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത് 105241 പേർ. ജില്ലയിൽ പ്രതിരോധ വാക്സിൻ വിതരണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.

സർക്കാരിന്റെ മുൻഗണനാ ക്രമം അനുസരിച്ചുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവർക്കാണ് ഇപ്പോൾ വാക്സിൻ വിതരണം നടത്തുന്നത്. കോട്ടയം ജില്ലയിൽ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചിരുന്നു. ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷമാണ് വാക്സിൻ എടുക്കുന്നതിനായി ലഭ്യമായ സെന്ററുകളിൽ പോകേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ  നടത്താൻ കഴിയാത്തവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി നേരത്തെ ബന്ധപ്പെട്ട് തിരക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാക്സിന്‍ സ്വീകരിക്കുന്നതിനായി എത്തണം.

ഇപ്പോൾ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. സ്വകാര്യ കേന്ദ്രങ്ങളിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന 250 രൂപ നൽകണം. കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത് 105241 പേരാണ്. ജില്ലയിൽ 28945 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 21206 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളിലെ മുൻനിരപ്പോരാളികളായ 5901 പേർ ആദ്യ ഡോസും 379 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിൽ 19112 പേർ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ രണ്ടാമത്തെ ഡോസ് ആരും സ്വീകരിക്കുന്നതിന് സമയമായിട്ടില്ല. ജില്ലയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ അലട്ടുന്നവരിൽ 1768 പേർ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇവർക്കും രണ്ടാം ഡോസ് വിതരണത്തിനുള്ള സമയം ആയിട്ടില്ല. 60 വയസ്സിനു മുകളിലുള്ള 49515 പേർ ജില്ലയിൽ ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ ആകെ 105241 പേർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിനും 21585 പേർക്ക് രണ്ടാം വാക്സിനും നൽകി. ജില്ലയിൽ 126826 വാക്സിനേഷനാണ് ഇതുവരെ നടന്നിരിക്കുന്നത്.