കോട്ടയം: തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി സർക്കാരിനെതിരെ പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രചാരണ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായി ജില്ലയിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വികസന പ്രവർത്തനങ്ങളിൽ സർക്കാർ ഒരിഞ്ചു പോലും പുറകോട്ട് പോയിട്ടില്ല,പ്രതിസന്ധി ഘട്ടങ്ങൾ ഏറെയുണ്ടായിരുന്നു,വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് സർക്കാർ മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. ഓഖിയും നിപയും പ്രളയവും കോവിഡ് മഹാമാരിയുമുൾപ്പടെ പ്രതിസന്ധി ഘട്ടങ്ങളിൽ നിൽക്കുമ്പോഴും സർക്കാർ കരുതലോടെ പ്രവർത്തിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാരിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തതായും ഈ ബോധ്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ എൽഡിഎഫ് സമീപിക്കുന്നതെന്നും ജനഹിതം എൽഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ നുണ പ്രചാരണങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.